---
title: "ഇനി ഓണക്കാലം; അത്തച്ചമയത്തിന് ഇന്ന് തുടക്കം "
english_title: "Thrippunithura Athachamayam 2026 Inauguration VD Satheesan Onam Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378732/thrippunithura-athachamayam-2026-inauguration-vd-satheesan`"
published_at: "2026-08-16T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81194b91690_1000236568.jpg"
keywords: ["Thrippunithura", "Athachamayam", "Atham Procession", "Kerala Festival"]
---

# ഇനി ഓണക്കാലം; അത്തച്ചമയത്തിന് ഇന്ന് തുടക്കം 

> **Lead Summary:** ഓണാഘോഷങ്ങളുടെ വരവറിയിക്കുന്ന ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. വർണ്ണക്കാഴ്ചകൾ സമ്മാനിക്കുന്ന അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

## Article Content

ഓണാഘോഷങ്ങളുടെ വരവറിയിക്കുന്ന ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. വർണ്ണക്കാഴ്ചകൾ സമ്മാനിക്കുന്ന അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

നഗരം ചുറ്റിയുള്ള ഘോഷയാത്രയിൽ നിരവധി കലാകാരൻമാർ അണിനിരക്കും. തൃപ്പൂണിത്തുറ അത്താഘോഷ പരിപാടികൾക്ക് ഈ ഞായറാഴ്ച ഔദ്യോഗികമായി തുടക്കമാകും.

രാവിലെ 9 മണിക്ക് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ 25 ദിവസം നീളുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ദീപക് ജോയ് എം.എൽ.എ അധ്യക്ഷത വഹിക്കുകയും മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാക ഉയർത്തുകയും ചെയ്യും.

ഹൈബി ഈഡൻ എം.പി, അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന അത്തം ഘോഷയാത്ര സിനിമാതാരം മനോജ് കെ. ജയൻ ഫ്ലാഗ് ഓഫ് ചെയ്യും.

ഘോഷയാത്രയും ആഘോഷങ്ങളും പ്രമാണിച്ച് തൃപ്പൂണിത്തുറ നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളുമാണ് പോലീസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കാണികൾക്ക് ആവശ്യമായ കുടിവെള്ളം, വൈദ്യസഹായം, വാഹന പാർക്കിങ്‌, ശൗചാലയങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

സംസ്കൃത കോളേജ്, ഗവ. ഗേൾസ് ഹൈസ്കൂൾ, എൻ.എസ്.എസ് കോളേജ്, കരിങ്ങാച്ചിറ ചർച്ച് ഗ്രൗണ്ട് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യം ലഭ്യമാണ്. പൂർണത്രയീശ ക്ഷേത്രത്തിന് സമീപവും വടക്കേക്കോട്ട, എസ്.എൻ മെട്രോ സ്റ്റേഷനുകളിലും ശുചിമുറി സൗകര്യങ്ങൾ ഉണ്ടാകും.

കൂടാതെ, അടിയന്തര വൈദ്യസഹായത്തിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് മെഡിക്കൽ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് അത്താഘോഷ കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378732/thrippunithura-athachamayam-2026-inauguration-vd-satheesan`)